History of Baithuzzakat Kerala

കേരളത്തിലെ ഇസ്‌ലാമിക നവോഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സകാത്ത് പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ രീതിയില്‍ നിര്‍വഹിക്കുന്നതിനുള്ള ശ്രമങ്ങള്‍ 1970കള്‍ക്ക് മുന്‍പ് തന്നെ വിവിധ നവോഥാന പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ആരംഭിച്ചിരുന്നു. പിന്നീട് ഓരോ സംഘടനക്കും സ്വാധീനവും വിഭവവുമുള്ള പ്രദേശങ്ങളില്‍ സ്വതന്ത്രമായി സംഘടിത സകാത്ത് സംരംഭങ്ങള്‍ നിലവില്‍ വന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുസ്‌ലിം സമൂഹത്തിനു സ്വാധീനമുള്ള പ്രദേശങ്ങളിലായിരുന്നു ഇത്തരം സംരംഭങ്ങള്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ കേരളത്തിലെ നൂറുകണക്കിന് പിന്നാക്ക പ്രദേശങ്ങളില്‍ ഇത്തരം സകാത്ത് സംരംഭങ്ങളുടെ പ്രവര്‍ത്തങ്ങള്‍ എത്തുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ തന്നെ കേരളത്തിലെ തീരദേശ മലയോര മേഖലകളിലെയും ചേരിപ്രദേശങ്ങളിലെയും മറ്റു പിന്നാക്ക മേഖലകളിലെയും സുസ്ഥിര വികസനം മുന്‍നിര്‍ത്തി സകാത്ത് വിനിയോഗിക്കുന്നതിന് സംസ്ഥാനത്തെ മൊത്തം പ്രദേശങ്ങളില്‍ പ്രവര്‍ത്തനം ആവിഷ്കരിക്കുന്ന സകാത്ത് സംരംഭം അനിവാര്യമായിരുന്നു. അതിനു പുറമേ മലയാളിയായ ഏതൊരു സകാത്ത് ദായകനും അദ്ദേഹത്തിന്‍റെ സകാത്ത് വിനിയോഗിക്കാന്‍ പ്രാപ്തമായ മികച്ച സംവിധാനമുള്ള സകാത്ത് സംരംഭം അനിവാര്യമായിരുന്നു.

  കേരളത്തിലുടനീളം സകാത്ത് പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം വെച്ച് ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന പ്രൊ.KA സിദ്ധീക്ക് ഹസന്‍ സാഹിബിന്‍റെ നേതൃത്വത്തില്‍ 2000ല്‍ ആരംഭിച്ച സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. 2005 മുതല്‍ 2011വരെ ടി.ആരിഫലി  സാഹിബായിരുന്നു ബൈത്തുസ്സകാത്ത് കേരളയുടെ ചെയര്‍മാന്‍. 2012 മുതല്‍ എം.കെ മുഹമ്മദലി സാഹിബാണ്‌ ബൈത്തുസ്സകാത്ത് കേരളയുടെ ചെയര്‍മാന്‍.ടി.കെ ഹുസൈന്‍ സാഹിബ് ദീര്‍ഘകാലം ബൈത്തുസ്സകാത്ത് കേരളയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.പി.സി ബഷീര്‍ ആണ് നിലവിലെ ജനറല്‍ സെക്രെട്ടറി. ആദ്യവര്‍ഷം 69 സകാത്ത് ദായകരില്‍ നിന്നും 5,53,089രൂപ സകാത്തായി ശേഖരിച്ച് 54 ഗുണഭോക്താക്കള്‍ക്ക് വിവിധ പദ്ധതികള്‍ക്ക് വേണ്ടി വിനിയോഗിച്ചു.പിന്നീട് ഓരോ വര്‍ഷവും സകാത്ത് ശേഖരണം വര്‍ധിപ്പിക്കാനും കൂടുതല്‍ ഫലപ്രദമായ രീതിയില്‍ വ്യക്തികളുടെ അടിസ്ഥാന ആവശ്യങ്ങളുടെ നിര്‍വഹണത്തിന് വേണ്ടി വിനിയോഗിക്കാനും സാധിച്ചു.2013-14ല്‍ 2210 ദായകരില്‍ നിന്നും 3,20,19,950 രൂപസകാത്തായി ശേഖരിക്കാന്‍  ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചു.