About

സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമ അല്ലാഹുവാണ് . സമ്പത്തില്‍ മനുഷ്യന്‍ അല്ലാഹുവിന്‍റെ പ്രതിനിധി മാത്രമാണ്. സമ്പത്ത് മനുഷ്യ സമൂഹത്തിന്‍റെ നിലനില്‍പ്പിന്‍റെ ആധാരമാണ്. എല്ലാ വ്യക്തികള്‍ക്കും ഇസ്‌ലാം അനുവദനീയമായ മാര്‍ഗത്തിലൂടെ പരിധിയില്ലാത്ത  ഉടമാവകാശം അനുവദിക്കുന്നു. സമ്പത്ത് ഉടമപ്പെടുത്താനും അതിനു സംരക്ഷണം നല്‍കുകയും തനിക്കു ശേഷം അത് ബന്ധുക്കള്‍ക്ക് അനന്തരവകാശമായി നല്‍കുന്നതിനും അനുശാസിക്കുന്നു. പൊതുവേ എല്ലാവര്‍ക്കും ഒരുപോലെ ആവശ്യമായ പ്രകൃതി വിഭവങ്ങള്‍ കുത്തകയാക്കി വെക്കരുതെന്നും സമ്പത്ത് പാഴാക്കരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സമ്പത്തില്‍ മറ്റുള്ളവരുടെ അവകാശം (സകാത്ത്) യഥാവിധി കൃത്യസമയത്ത് നല്‍കണമെന്ന് ഇസ്‌ലാം ശക്തമായി അനുശാസിക്കുന്നു..
അള്ളാഹു നല്‍കിയ സമ്പത്ത് നിശ്ചിത പരിധിയും കാലയളവുമെത്തുമ്പോള്‍ അതിന്‍റെ നിശ്ചിത ശതമാനം (2.5% മുതല്‍ 20% വരെ) നിശ്ചിത വിഭാഗത്തിന് നല്‍കുന്നതാണ് സകാത്ത്. വിശ്വാസിയുടെ ധനം അല്ലാഹുവിന്‍റെതാണ് എന്ന് അംഗീകരിക്കലാണ് സകാത്ത്. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ സമ്പത്തിന് ലഭ്യമാകുന്ന  വളര്‍ച്ചയാണ് സകാത്തിന്‍റെ അടിസ്ഥാനം.  വിശ്വാസികളില്‍ വിശുദ്ധിയും വളര്‍ച്ചയും നല്‍കുന്ന സുപ്രധാന ഇബാദത്താണത്.   സമ്പത്ത് ധനികരില്‍ കേന്ദ്രീകരിക്കുന്നതിനു പകരം ദരിദ്രരിലേക്ക് കൂടി എത്തുന്നതിനും സാമ്പത്തിക അസന്തുലിതത്വം ഇല്ലാതാക്കി ദാരിദ്ര്യ നിര്‍മാര്‍ജ്ജനം നിര്‍വഹിക്കുന്നതിനും മുസ്‌ലിം സമൂഹത്തിന്‍റെ പുരോഗതിയും ഭദ്രതയും ഉറപ്പുവരുത്തുന്നതിനും ഇസ്ലാം നിശ്ചയിച്ച ഇബാദത്താണ് സകാത്ത്.
സകാത്ത് ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ്. സ്വദക പോലെ വ്യക്തികള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് അവര്‍ക്ക് താല്പര്യമുള്ള വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള രീതിയില്‍ നല്‍കാന്‍ കഴിയുന്നതല്ല സകാത്ത്. അല്ലാഹു നമുക്ക് നല്‍കിയ സമ്പത്തിന്‍റെ നിശ്ചിത ശതമാനം അത് നമുക്ക് ലഭ്യമാവുന്ന രീതിയനുസരിച്ച് അതില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് നിശ്ചിത ശതമാനം അവകാശമായി നിശ്ചയിച്ചിരിക്കുന്നു. സകാത്ത് നിര്‍ബന്ധമാവുന്നത് സമ്പത്തിനാണ്. അതിനാലാണ് ഭ്രാന്തന്‍റെയും കുട്ടികളുടെയും സമ്പത്തില്‍ അതിന്‍റെ സൂക്ഷിപ്പുകാര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്തമാകുന്നത്. വ്യക്തി മരണപ്പെട്ടാല്‍ ബാക്കിയുള്ള നിര്‍ബന്ധിത ആരാധനകളോന്നും അദ്ദേഹത്തിനു വേണ്ടി നിര്‍വഹിക്കേണ്ടതില്ലെങ്കിലും അദ്ദേഹത്തിന്‍റെ സമ്പത്തിന്‍റെ സകാത്ത് വീട്ടാന്‍ ബാധ്യതയുണ്ടെങ്കില്‍ ആദ്യംതന്നെ അത് കൊടുത്തു വീട്ടേണ്ടത് നിര്‍ബന്ധമാണ്‌. അതിനാല്‍ തന്നെ വിശ്വാസികളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കൃത്യമായി അവലോകനം ചെയ്യുന്ന ജീവിതത്തിലെ ഓരോ ഇടപാടുകളിലും സൂക്ഷ്മത പുലര്‍ത്താന്‍ താല്പര്യപ്പെടുന്ന ഉന്നതമായ ഇബാദത്താണ് സകാത്ത്. സമൂഹത്തിലെ മുഴുവന്‍ സാമ്പത്തിക പുരോഗതിയുടെയും ഗുണഫലം സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ലഭിക്കണമെന്ന ഇസ്ലാമിന്‍റെ താല്പര്യമാണ് സകാത്തിലൂടെ പുലരുന്നത്. അതിനനുസൃതമായ ഘടനയും സംവിധാനവുമാണ് സകാത്തിന്‍റെ നിര്‍വഹണത്തിന് ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നത്.   
സകാത്ത് ശേഖരിക്കെണ്ടതും വിതരണം ചെയ്യേണ്ടത് സമൂഹ നേതൃത്വം അഥവാ ഗവണ്മെന്‍റ് ആണ്.സര്‍ക്കാര്‍ തലത്തില്‍ സകാത്ത് ശേഖരണ- വിതരണ എജന്‍സി ഏര്‍പ്പെടുത്താത്ത സ്ഥലങ്ങളില്‍ സംഘടിതമായി സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സ്വയം സംവിധാനമുണ്ടാക്കാന്‍ മുസ്ലിം സമുദായം ബാധ്യസ്ഥമാണ്. ലോകത്തുടനീളം വ്യത്യസ്ഥ സ്വഭാവത്തില്‍ സംഘടിത സകാത്ത് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്ലിം രാജ്യങ്ങളില്‍ ഭരണകൂടങ്ങളുടെ ഔദ്യോഗിക സംവിധാനമായും അല്ലാത്ത രാജ്യങ്ങളില്‍ ഇസ്ലാമിക സംഘടനകളും സ്ഥാപനങ്ങളും സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.

പൌരോഹിത്യ വിഭാഗങ്ങളും യാഥാസ്ഥിക സംഘടനകളും സകാത്തിനെക്കുറിച്ചു സമൂഹത്തില്‍ സൃഷ്ട്ടിച്ച തെറ്റിദ്ധാരണകള്‍ സകാത്ത് ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നതില്‍ നിന്നും വിശ്വാസികളെ തടയുകയുണ്ടായി. സംഘടിത സംരംഭങ്ങള്‍ മുഖേന സകാത്ത് നല്‍കിയാല്‍ സാധുവാകില്ലെന്നു നിരന്തരം ഫത്‌വ നല്‍കി പണ്ഡിതന്മാര്‍ സകാത്തിനെ യാചനയുടെ അവസ്ഥയിലേക്ക് തള്ളിവിട്ടു. സമൂഹത്തിലെ സമ്പന്നര്‍ സകാത്തെന്ന പേരില്‍ ഇഷ്ടക്കാര്‍ക്കും, ബന്ധുക്കള്‍ക്കും, യാചിച്ചു വരുന്നവര്‍ക്കും അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വിതരണം ചെയ്യുന്ന ഏര്‍പ്പാടായി സകാത്ത് തരം താഴ്ന്നു. സകാത്തെന്ന പേരില്‍ സമ്പന്നര്‍ ഓരോ വര്‍ഷവും വലിയതുക ചിലവഴിക്കുന്നുണ്ടെങ്കിലും  ഇസ്‌ലാം സകാത്തിലൂടെ ലക്‌ഷ്യം സാമൂഹ്യ പുരോഗതി കൈവരിക്കുന്നതിനോ ഖുര്‍ആന്‍ നിര്‍ദേശിച്ച സകാത്തിന്‍റെ അവകാശികള്‍ക്ക് സകാത്ത് എത്തിക്കുന്നതിനോ സാധ്യമാവുന്നില്ല. വ്യക്തികള്‍ സ്വന്തമായി സകാത്ത് നല്‍കുമ്പോള്‍ ഗുണഭോക്താക്കളില്‍ സകാത്ത് ദായകരോട് വിധേയത്വ മനോഭാവം വളര്‍ന്നു വരുന്നു.

സാമ്പത്തിക വളര്‍ച്ചയും വരുമാനവും ലഭിക്കുന്ന മുഴുവന്‍ മേഖലകളിലും സമ്പത്ത് ലഭ്യമാവുന്ന രീതിയനുസരിച്ച് നിശ്ചിത ശതമാനം സകാത്ത് അല്ലാഹു നിര്‍ബന്ധമാക്കിയതിനാല്‍ ഓരോ കാലഘട്ടത്തിലെയും സാമ്പത്തിക വളര്‍ച്ചക്കും സാമൂഹിക മാറ്റത്തിനുമനുസരിച്ച് സകാത്തിന്‍റെ സംഭരണ-വിതരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാഹു നിര്‍ദേശിച്ച സകാത്തിന്‍റെ അവകാശികളെ ഓരോ കാലഘട്ടത്തിന്‍റെയും സാഹചര്യമനുസരിച്ച് മനസ്സിലാക്കാനും മുന്‍ഗണന ക്രമമനുസരിച്ച്‌  സകാത്ത് വിനിയോഗിക്കാനും സാധിക്കേണ്ടതുണ്ട്. സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട ഇബാദത്തെന്ന നിലയില്‍ നിരന്തര പഠനവും അവലോകനവും ഗവേഷണവും ആവശ്യമുള്ള മേഖലയാണ് സകാത്ത് പ്രവര്‍ത്തനങ്ങള്‍. ഇത്തരത്തില്‍ സകാത്ത് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണമെങ്കില്‍ പ്രൊഫഷനല്‍ സംവിധാനത്തോടെയുള്ള സംഘടിത സകാത്ത് സംരംഭങ്ങള്‍ അനിവാര്യമാണ്. അത്തരത്തില്‍ കേരളത്തിലെ സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്ന, ദിശ നിര്‍ണയിക്കുന്ന ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള.

ഇസ്‌ലാം നിര്‍ദേശിക്കുന്ന രീതിയില്‍ സകാത്ത് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2000 ഒക്ടോബറില്‍ ആരംഭിച്ച സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. കേരളത്തിന്‍റെ സാമൂഹ്യ പുരോഗതിയില്‍ ക്രിയാത്മക പങ്കുവഹിക്കാന്‍ സാധ്യമാവുന്ന രീതിയില്‍ സകാത്ത് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്ന മാതൃക സംരംഭമാണിത്. കഴിഞ്ഞ പതിനാലു  വര്‍ഷത്തെ വിജകരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമായി മാറാന്‍  ബൈത്തുസകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളായ സകാത്ത് ദായകരാണ് ബൈത്തുസ്സകാത്തിനെ പിന്തുണക്കുന്നത്. പ്രാദേശിക സകാത്ത് സംരഭങ്ങളില്ലാത്ത മലയോര-തീരപ്രദേശങ്ങളിലെ നൂറുകണക്കിന് പിന്നോക്ക പ്രദേശങ്ങളില്‍ ബൈത്തുസ്സകാത്ത് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും വിപുലമായ പ്രവര്‍ത്തന  സംവിധാനമുള്ള പദ്ധതിയാണിത്. കേരളത്തിലെ മുഴുവന്‍ ജില്ലകളെയും ഉള്‍കൊള്ളിച്ചുള്ള പദ്ധതികളാണ് ബൈത്തുസകാത്ത് കേരള ആവിഷ്കരിക്കുന്നത്. പബ്ലിക് റിലീജിയസ് ട്രസ്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് ബൈത്തുസ്സകാത്ത് കേരള.

ബൈത്തുസകാത്ത് കേരള ലക്ഷ്യങ്ങള്‍