About us

അറബ് മുസ്‌ലിം രാജ്യങ്ങളിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും സകാത്ത് സംരംഭങ്ങള്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്രരാജ്യങ്ങളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ബൈത്തുസ്സകാത്ത് കുവൈത്ത് നിരവധി പിന്നാക്ക രാഷ്ട്രങ്ങളില്‍ സാമൂഹിക പുരോഗതി ലക്ഷ്യമാക്കി സകാത്ത് വിനിയോഗിക്കുന്നു. സകാത്ത് ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക ലോകത്തെ 27 രാഷ്ട്രങ്ങളിലാണ് സകാത്ത് ശേഖരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിലെ സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയേകിക്കൊണ്ടാണ് മലേഷ്യന്‍ പ്രധാനമന്ത്രി ചെയര്‍മാനായുള്ള ഇന്റനാഷ്‌നല്‍ സകാത്ത് ഓര്‍ഗനൈസേഷന്‍ മുന്നേറുന്നത്. 2016 ഓടെ 10 ബില്യന്‍ മലേഷ്യന്‍ റിങ്കിറ്റ് സകാത്തായി ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് അവര്‍ തയാറാക്കിയിരിക്കുന്നത്. സ്വയം സംരംഭകത്വ മേഖലയിലാണ് ഈ സകാത്ത് ഫണ്ട് കൂടുതലായും ചെലവഴിക്കുക. വിവിധ രാജ്യങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജീവിത സാഹചര്യം ഇതിലൂടെ ലഭ്യമാക്കാന്‍ സാധ്യമാവും. ലോകത്തെ 18 രാജ്യങ്ങള്‍ ഈ പദ്ധതിയുമായി സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഖത്തര്‍ സകാത്ത് ഫണ്ട്, യു.എ.ഇ സകാത്ത് ഫണ്ട്, റുമ സകാത്ത് ഇന്തോനേഷ്യ തുടങ്ങിയവ ലോകത്തെ സുപ്രധാന സകാത്ത് സംരംഭങ്ങളാണ്.