പെരുമ്പാവുർ ഫ്ലോറ റസിഡൻസിയിൽ ബൈത്തുസകാത്ത് കേരള സ്വയംതൊഴിൽ പദ്ധതി പൂർത്തീകരണ പ്രഖ്യാപന സമ്മേളനം മുൻസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.
കേരള അടിസ്ഥാനത്തിൽ സകാത്ത് സംഘടിതമായി ശേഖരിക്കുകയും വിതരണവും ചെയ്യുന്ന സംരംഭമായ ബൈത്തുസകാത്ത് കേരള യുടെ ആഭിമുഖ്യത്തിൽ നടപ്പുവർഷം 200 തൊഴിൽ പദ്ധതികൾ പൂർത്തികരിച്ചതായി പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ്റെ മേൽനോട്ടത്തിലാണ് ബൈത്തുസകാത്ത് കേരള പ്രവർത്തനങ്ങൾ നടക്കുന്നത്. പെരുമ്പാവൂർ ഫ്ളോറ സിഡൻസിയിൽ നടന്ന ബൈത്തുസകാത്ത് കേരളയുടെ പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും സകാത്ത് സെമിനാറും പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പത്തിൻ്റെ ശുദ്ധീകരണത്തിന് സകാത്ത് അനിവാര്യമാണ്. ശരിയായ മാർഗ്ഗത്തിലുള്ള സമ്പാദനവും സകാത്തിൻ്റെ നിബന്ധനകളിൽ പെട്ടതാണെന്ന് മുഹമ്മദലി പറഞ്ഞു. സകാത്ത് കാമ്പയിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങ് മുൻസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സകാത്തിൻ്റെ ശേഖരണത്തിൻ്റെയും വിതരണത്തിൻ്റെയും വിശുദ്ധത കാത്തുസൂക്ഷിക്കുന്ന ബൈത്തുസകാത്ത് കേരളയുടെ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ജില്ലാ പ്രസിഡൻ്റ് അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ബൈത്തുസകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂർ പദ്ധതികളെ പരിചയപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻ്റ് വി.എ ഇബ്രാഹിംകുട്ടി ,ജില്ലാ സെക്രട്ടറി കെ.കെ സലീം എന്നിവർ സംബന്ധിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോർഡിനേറ്റർ മുഹമ്മദ് ഉമർ സ്വാഗതവും, കാമ്പയിൻ കൺവീനർ ജമാൽ അസ്ഹരി നന്ദിയും പറഞ്ഞു.